പ്രഭാതജപം
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, / പരിശുദ്ധ കന്യാകാമറിയത്തിന്റെ അമലോത്ഭവഹൃദയമേ,
Listen to Audio Recitation
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, / പരിശുദ്ധ കന്യാകാമറിയത്തിന്റെ അമലോത്ഭവഹൃദയമേ, / ഇന്നത്തെ എന്റെ പ്രാർത്ഥനകളും പ്രവൃത്തികളും / എന്റെ പാപങ്ങളുടെ പരിഹാരത്തിനായും / തിരുസഭയുടെ നിയോഗങ്ങൾക്കായും / സർവ്വോപരി ദൈവമഹത്വത്തിനായും / ലോകമാസകലം അർപ്പിക്കപ്പെടുന്ന / ദിവ്യബലികളോടുചേർത്തു / ഞാൻ കാഴ്ചവയ്ക്കുന്നു. /
എന്റെ ദൈവമേ, / അങ്ങു പരമസത്യമായിരിക്കയാൽ / അങ്ങിൽ ഞാൻ വിശ്വസിക്കുന്നു. / അങ്ങു കാരുണ്യവാനും വിശ്വസ്തനുമാകയാൽ / അങ്ങിൽ ഞാൻ ശരണപ്പെടുന്നു. / അങ്ങു നല്ലവനായതുകൊണ്ട് / അങ്ങയെ ഞാൻ സ്നേഹിക്കുകയും / അങ്ങയെ ദ്രോഹിച്ചതിനാൽ / മനസ്തപിക്കുകയും ചെയ്യുന്നു. /
ഇന്നേദിവസം പാപംകൂടാതെ / എന്നെ കാത്തുകൊള്ളണമേ. / പ്രത്യേകിച്ച്................ / തിന്മയിൽനിന്ന് എന്നെ രക്ഷിക്കണമേ. / എനിക്ക് ഏറ്റവും ആവശ്യകമായ.......... / പുണ്യം അഭ്യസിക്കുവാൻ / ശക്തിതരണമേ. /
എന്നെ കാക്കുന്ന കർത്താവിന്റെ മാലാഖയേ, / ദൈവത്തിന്റെ കൃപയാൽ / അങ്ങേക്കു ഏൽപിക്കപ്പെട്ടിരിക്കുന്ന എന്നെ / ഈ ദിവസത്തിൽ കാത്തുസൂക്ഷിക്കണമേ. / എന്റെ ബുദ്ധിക്ക് പ്രകാശം നല്കുകയും ചെയ്യണമേ. / എന്റെ സ്വർഗ്ഗീയമധ്യസ്ഥനായ പുണ്യവാനേ, / സകല വിശുദ്ധരേ, / ദൈവത്തിൽനിന്നു കൃപ ലഭിക്കുവാനായി / എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. /